09:42pm 05 August 2026
NEWS
വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
05/08/2026  07:52 PM IST
nila
വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ജാഗ്രത തുടരുന്നു. ഓഗസ്റ്റ് 6 (വ്യാഴാഴ്ച) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെ തുടർന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അതത് ജില്ലാ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ

ജില്ലയിൽ തുടരുന്ന വെള്ളക്കെട്ടും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

മാവേലിക്കര, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

പത്തനംതിട്ട

തിരുവല്ല താലൂക്കിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 6-ന് അവധി പ്രഖ്യാപിച്ചു. കൂടാതെ ജില്ലയിലെ മറ്റ് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ അറിയിച്ചു.

വയനാട്

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പുളിഞ്ഞാൽ ഗവ. ഹൈസ്കൂൾ, മക്കിയാട് ഹോളിഫേസ് സ്കൂൾ, കൈതക്കൊല്ലി ഗവ. എൽ.പി. സ്കൂൾ എന്നിവിടങ്ങളിലാണ് നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.

കോഴിക്കോട്

ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാമ്പുകൾ അവസാനിക്കുന്നതുവരെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയുടെ ശക്തി കുറഞ്ഞെങ്കിലും പല മേഖലകളിലും വെള്ളക്കെട്ടും ദുരിതാവസ്ഥയും തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img